Friday, September 29, 2006

ബാങ്ക് പണിമുടക്ക്:സംഘടനാശേഷിി തോന്നിവാസത്തിനോ?

പൊതുമേഖലാ ബാങ്കുകള്‍ ഒക്ടോബര്‍ 3-ന് പണിമുടക്കുകയാണത്രേ.തുടച്ചയായി മൂന്നു ദിവസത്തെ അവധിക്കുശേഷമാണ് ഈ പണിമുടക്ക്.പറയുന്ന കാരണം രണ്ടു സ്വകാര്യ ബാങ്കുകളുടെ(ലോര്‍ഡ് കൃഷ്ണയും സെഞ്ചുറിയന്‍ ബാങ്ക് ഓഫ് പഞ്ചാബും) ലയനത്തോടുള്ള എതിര്‍പ്പാണ്.

രണ്ടു സ്വകാര്യ ബാങ്കുകളുടെ ലയനത്തില്‍ പൊതുമേഖലാ ബാങ്കിലെ യൂണിയനുകള്‍ ഇത്ര ആശങ്കപ്പെടുന്നതില്‍ അത്ഭുതം തോന്നുന്നു.ഈ യൂണിയനുകള്‍ക്ക്(ഇവയ്ക്കെല്ലാം ട്രേഡ് യൂണിയനുകളുടെ അഫീലിയേഷന്‍ ഉണ്ടല്ലോ) ഇതേ ന്യായം മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കാണുന്നില്ലല്ലോ.ഇനി പണിമുടക്ക് ന്യായം തന്നെയെന്നു വയ്ക്കുക.അതിന് ഈ ദിവസം തന്നെ എന്തിന് തെരെഞ്ഞെടുത്തു?പൊതുജനം എന്തും സഹിക്കും എന്ന് കരുതിയിട്ടോ?

ഇനി ഈ പണിമുടക്ക് ആരെയാണ് കൂടുതല്‍ ബാധിക്കുന്നത് എന്ന് നോക്കാം.ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ ശമ്പളം മാത്രം നഷ്ടപ്പെടും.മൂന്നു ദിവസം നേരത്തെതന്നെ പ്രവൃത്തിദിവസ അല്ലാത്തതിനാല്‍ സര്‍ക്കാരിന് ഒരു ദിവസത്തെ സാമ്പത്തിക നഷ്ടം മാത്രം ഉണ്ടാകും.അതേസമയം ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ ശമ്പളം കൊടുക്കേണ്ട താനും.പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ബാങ്ക് ഇടപാടുകളെ ആശ്രയിക്കുന്ന സാധാരണ ജനങ്ങളെയാണ്.ഫലത്തില്‍ നാലു ദിവസം പണിമുടക്കിയ പ്രതീതി ഉണ്ടാക്കിയെടുക്കാം,സാധാരണക്കാരുടെ ചെലവില്‍.

സംഘടിതശക്തി ഉപയോഗിച്ച് എന്തു തോന്നിവാസവും അവാം എന്നതിന് ഒന്നാാംതരം ഉദാഹരണമാണിത്.സ്വന്തം കാര്യലാഭത്തിനായി പൊതുജനങ്ങളുടെമേല്‍ കുതിരകയറുന്ന ഈ ഏര്‍പ്പാട് ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തെണ്ടിത്തരമാണ്.


Friday, September 01, 2006

റബ്ബര്‍ പാര്‍ടികള്‍ക്ക് അപചയകാലം?

കേരളത്തിന്റെ രണ്ടു പ്രത്യേകതകളാണ് റബ്ബറും റബ്ബര്‍ബേസ്ഡ് പാര്‍ടികളും.രണ്ടും തമ്മില്‍ പൊക്കിള്‍കൊടിബന്ധവുമുണ്ട് .എന്നാല്‍ രണ്ടിന്റെയും വിലകള്‍ വിപരീതാനുപാതത്തിലാണ്.ഇരു മുന്നണികളിലുമായി ഭാഗ്യം പരീക്ഷിക്കുന്ന ഈ പാര്‍ടികള്‍ക്ക് ഈയിടെയായി കണ്ടകശനിയാണെന്നു തോന്നുന്നു.സാധാരണയായി ഒരു മുന്നണിയില്‍നിന്ന് വലിച്ചുവിട്ടാല്‍ എതിര്‍മുന്നണിയില്‍ വന്നുനില്ക്കാനുള്ള ഇലാസ്തികത ഇവര്‍ക്കു കണ്ടുവരാറുണ്ട്.ഇലാസ്റ്റിക് ലിമിറ്റ് വിട്ടാല്‍ പൊട്ടിപ്പോവുകയും ചെയ്യും.ഇതിന് ഒരു സിദ്ധാന്തവും കൂട്ടത്തിലൊരാള്‍ തയ്യാറാക്കിയിട്ടുണ്ട്.

സമീപകാല രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്കെല്ലാം ഈ പാര്‍ടികളുടെ ഭാവിയെക്കുറിച്ച് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്.

Thursday, August 10, 2006

മലയാളസിനിമാ നായികമാര്‍ക്ക് തമിഴില്‍ തുണിവേണ്ടാ!?

മലയാളി നായികമാര്‍ തമ്മില്‍ ഇപ്പോള്‍ പൊരിഞ്ഞ മത്സരമാണെന്നു തോന്നുന്നു;തമിഴിലേയ്ക്കു ചേക്കേറാന്‍.ഇതിനിടയില്‍ തുണിപോകുന്നതൊന്നും ഇവര്‍ക്ക് പ്രശ്നമല്ല.പണമാണ് കാര്യം;തുണിയല്ല.മലയാളത്തിലെ നായകന്മാരെ നാണിപ്പിക്കുന്ന പ്രതിഫലമാണ് ഇവര്‍ക്ക് കിട്ടുന്നത് എന്നാണ് പറയപ്പെടുന്നത്.തമിഴ് സിനിമയില്‍ ശരീരപ്രദര്‍ശനം അരങ്ങുതകര്‍ക്കുകയാണ്.

പെണ്‍മക്കള്‍ വഴിതെറ്റുന്നതില്‍ അമ്മ(താരസംഘടന)യ്ക്കു ഉത്കണ്ഠയൊന്നും ഇല്ലേ?
അല്ലെങ്കില്‍ 'അമ്മ' എന്ന പേരുമാറ്റി പകരം ഇന്ന് അടിപൊളി/ഇടിപൊളി എന്നൊക്കെ പറയുന്ന ഒരു പേരിടുകയാകും നല്ലത്.

Friday, July 28, 2006

പുതിയ വിനോദം

കേരളത്തില്‍ സായ്പന്‍മാര്‍ക്കായി പുതിയൊരു വിനോദം ഒരുക്കിയിരിക്കുന്നു.

പേര്: തെങ്ങ് പറിച്ചുകളി.
സ്ഥലം: കോവളം കൊട്ടാരം.

ഒരു കാലത്ത് മിമിക്രി കഥകളിലെ നായകന്‍ ജയന്‍ കളിച്ചിരുന്ന കളിയാണ് ഇതെന്ന് മിമിക്രി പാട്ടുകാരുടെ ഗാനങ്ങളില്‍ കാണുന്നു.

Thursday, July 27, 2006

മഴുവന്‍മാര്‍

പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളം മഴുവന്‍മാരുടെ(തെക്കന്‍ പ്രയോഗം;വിഡ്ഢി എന്നര്‍ത്ഥം) നാടോ?

ചില ഉദാഹരണങ്ങള്‍:
1. പ്രധാന ജലസ്രോതസ്സ് ആയ നദികളെ പല വിധത്തിലും നാശോന്മുഖമാക്കി മഴവെള്ളം സംഭരിക്കാന്‍ ശ്രമിക്കുന്നു.
2. തിരക്കേറിയ ഹൈവേകളുടെ തൊട്ടടുത്ത് ദശലക്ഷങ്ങള്‍ മുടക്കി മണിമാളിക നിര്‍മ്മിക്കുന്നു
.

കൂടുതല്‍ ഉദാഹരണങ്ങള്‍ ക്ഷണിക്കുന്നു.